തനിയെ വളർന്ന ആൽമരം

 


തൊട്ടടുത്ത വീട്ടിലേക്ക് ഒരു സ്ത്രീ പോകുന്നത് കണ്ടു കൂടെ ഒരു നാലാം ക്ലാസുകാരനും ചോദിച്ചപ്പോൾ പേരക്കുട്ടിയാണ്. അടുത്ത വീട്ടുകാർക്ക് ഒരു  സഹായത്തിനു വേണ്ടി ജോലിക്ക് വന്നതാണ്. പിന്നീട് ആ കുട്ടിയെ തൊട്ടടുത്തുള്ള സ്കൂളിൽ ചേർത്തതായി അറിഞ്ഞു.മഹാ വികൃതി പയ്യൻ. അവനെക്കുറിച്ച് സ്കൂളിൽ എന്നും പരാതിയാണ്. വാപ്പയും ഉമ്മയും വഴക്കിട്ടു പിരിഞ്ഞു രണ്ടുപേരും പല സ്ഥലങ്ങളിൽ ആണെന്ന് പറയുന്നത് കേട്ടു. തികച്ചും ഒരു അനാഥ ബാലൻറെ അവസ്ഥയിലായിരുന്നു അവനും. വീട്ടിൽ വരുമ്പോഴൊക്കെ ഞാനവനോട് വിശേഷങ്ങൾ തിരക്കും. പോകാൻ നേരം അവന് പത്തോ ഇരുപതോ രൂപ കൊടുക്കും.എന്തെങ്കിലും വാങ്ങിച്ചോ എന്നു പറഞ്ഞു. എൻറെ ഉമ്മയും എന്തെങ്കിലും കൊടുക്കാറുണ്ട് അപ്പോ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതും . പിന്നെ ആരോപറയുന്നത് കേട്ടു അവൻ ആരോടും മിണ്ടാതെ സ്വന്തം വീട്ടിലേക്ക് പോയെന്ന്.ചാവക്കാട് എവിടെയോ ആണ് വീട്. അവൻ ഒറ്റയ്ക്ക് പോയോ. ഒരു നാലാം ക്ലാസുകാരന് ഇത്രയൊക്കെ ധൈര്യമുണ്ടാകുമോ എന്ന് ആലോചിച്ചു നിന്നുപോയി. 

 ഒരു വർഷത്തിനു ശേഷം അവൻ ഞങ്ങളെ കാണാൻ വന്നു അവനോട് വിശേഷങ്ങൾ ചോദിച്ചു നീ എവിടെയായിരുന്നു ഇത്രയും നാൾ. എവിടെ താമസിച്ചു. എങ്ങനെ ഭക്ഷണം കഴിച്ചു ഇതെല്ലാം അറിയാൻ എനിക്ക് ആഗ്രഹമുണ്ടായി. അവൻറെ ഓരോ മറുപടിയും അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ഞാനെൻറെ ചാവക്കാട് ഉള്ള സ്വന്തം വീട്ടിലായിരുന്നു ഒരു ഓലമേഞ്ഞ വീട് ഞാൻ അവിടെ ഒറ്റയ്ക്ക് താമസിക്കും. ഭക്ഷണം എന്തെങ്കിലുമൊക്കെ ഉണ്ടാക്കും ദോശയോ തക്കാളി കറിയോ കഞ്ഞിയോ  ഉണ്ടാകും. ഞാൻ അത്ഭുതത്തോടെ അവനെ തന്നെ നോക്കി നിൽക്കുകയാണ്.  

അവൻ നേരെ എൻറെ അടുത്തേക്ക് വന്നു പറഞ്ഞുഞാൻ ഇവിടത്തെ ഉമ്മാനെയും ഇക്കാനെ യും കാണാൻ വന്നതാണ്. നിങ്ങൾ തരാറുള്ള 10 രൂപ നോട്ടുകൾ കൂട്ടിവെച്ച ഞാൻ ബലൂണുകൾ വാങ്ങുമായിരുന്നു. പിന്നെ ആരോ എന്നെ ആപ്പിൾ ബലൂണുകൾ ഉണ്ടാക്കി തരാൻ പഠിപ്പിച്ചു തന്നു. ആപ്പിൾ ബലൂൺ ഉണ്ടാക്കി കൊണ്ട് കടലോരത്ത് ഓടിക്കളിക്കുന്ന കുട്ടികൾക്ക് അഞ്ചുരൂപയ്ക്ക് വിൽക്കും ആഴ്ചയിൽ 2000 രൂപ വരെ കിട്ടുന്നുണ്ട് എന്ന് കേട്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. നാലാംക്ലാസിൽ പഠിപ്പു നിർത്തിയെങ്കിലും കുറച്ചു നാളുകൾ കൊണ്ട് അവൻ നല്ലൊരു ബിസിനസ്സുകാരൻ ആയിരിക്കുന്നു. 

അവൻറെ കയ്യിലിരുന്ന ഫോൺ എനിക്ക് നേരെ കാണിച്ചിട്ട് പറഞ്ഞു എൻറെ പുതിയ ഫോൺ ആണ് എങ്ങനെയുണ്ട് 8000 രൂപ സെക്കൻഡ് ഹാൻഡ് എടുത്തതാ എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സത്യമോ അതോ മിഥ്യയോ. തൊട്ടടുത്ത നിമിഷം അവൻ പറഞ്ഞു എനിക്ക് രണ്ട് സിം കാർഡ് ഉണ്ട്. നിനക്ക് എങ്ങനാ രണ്ട് സിം കാർഡ് കിട്ടിയത് അതിശയത്തോടെ ചോദിച്ചു. അതാണ് ഞാൻ. നമ്മളെ അത്രയും വിശ്വാസം ഉള്ളവരല്ലേ സിം എടുത്ത് തരികയുള്ളൂ. ഇക്കാക്കു മനസ്സിലായോ..... അവൻറെ വാക്കുകൾ കേട്ട് എനിക്ക് രോമാഞ്ചം വന്നു. കയ്യിലെ രോമങ്ങൾ വരെ എണീറ്റ് നിന്നു. 

ബലൂൺ ബിസിനസ് ഉഷാറായി പോകുന്നു നല്ല വരുമാനമുണ്ട്. ഇനി ബിസിനസ് ഒന്നൂടെ വിപുലീകരിക്കണം. കുറച്ച് ചീർപ്പ് കൂടി വാങ്ങണം. തൃശ്ശൂർ വില കുറവുണ്ട് എന്ന് കേട്ടു. ഒരു ദിവസം പോണം. നിനക്ക് തൃശ്ശൂർ എവിടെയാണെന്ന് അറിയുമോ ഏതു ബസ്സില് പോകേണ്ട എന്ന് അറിയുമോ ബസിന്ടെ പേരെങ്കിലും വായിക്കാൻ അറിയുമോ എല്ലാത്തിനും കൂടി ഒരു ഉത്തരം അതൊക്കെ എനിക്കറിയാം. 

സൈക്കിളിൽ ആണ് അവൻ വന്നത് ചാവക്കാട് നിന്ന് അതും പത്തിരുപത് കിലോമീറ്റർ ദൂരെ നിന്ന്. ചായ കുടിച്ച് അവൻ തിരിച്ചു പോകാൻ തുടങ്ങുകയാണ് . ഇനിയും വരാമെന്ന് പറഞ്ഞു അവൻ സൈക്കിൾ എടുത്തു യാത്ര തുടർന്നു. ആരും നോക്കാൻ ഇല്ലെങ്കിൽ സ്വയം വളരും എന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കി. ഒരു നാലാം ക്ലാസുകാരൻ സ്വയംപര്യാപ്ത കൈവരിച്ചിരിക്കുന്നു. 

Comments

Anonymous said…
hi