മഞ്ഞുമൂടിക്കിടക്കുന്ന പാടവരമ്പിലൂടെ അതിരാവിലെ ചായക്കടയെ ലക്ഷ്യമാക്കി നടക്കുകയാണ് ഞാൻ. ഒരു ചെറുപ്പക്കാരിയുടെ ഊർജ്ജസ്വലതയോടെ അതിരാവിലെ ഒരു ചെരിപ്പ് പോലും ഇടാതെ എനിക്ക് മുന്നിലൂടെ ഓടി നീങ്ങുന്ന ആ പ്രായമായ വിദേശവനിതയെ കണ്ടപ്പോൾ അതിശയം തോന്നി. ചായക്കടയിൽ എത്തിയപ്പോൾ അവിടെ സംസാര വിഷയവും അതു തന്നെയായിരുന്നു.
റിസോർട്ടലെ പുതിയ താമസക്കാരാണ്. മക്കളും പേരക്കുട്ടികളും ആയി കേരളം ചുറ്റാൻ വന്നതാണ്. അതിരാവിലെ ചെരുപ്പിടാതെ മൂന്നാലു കിലോമീറ്റർ ഓടും. മൂന്ന് ദിവസം പട്ടിണി കിടക്കും മൂന്നു ദിവസം വലിച്ചുവാരി കഴിക്കും.വർഷങ്ങളായി ആ വിദേശവനിത ചെരുപ്പ് ഉപയോഗിക്കാറില്ലത്രേ..
ചായക്കടക്കാരൻ ഫ്ലാഷ് ന്യൂസ് പോലെ ഇക്കാര്യം എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്. പിന്നെ അവിടെ നിന്ന് ചായയും കുടിച്ചു പുറത്തേക്കിറങ്ങി. നഗരത്തിലേക്ക് പോകുന്ന ബസ് വരുന്ന സമയം ആയി.ഞാൻ തൊട്ടടുത്തുള്ള ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു

Comments